Kerala News

വയനാട് ഉരുൾപൊട്ടൽ; സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.
ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാംപുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *