Kerala News

ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്.

കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 351 (1) എ വകുപ്പ് ചുമത്തിയാണ് കേസ്. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിനിമാ മേഖലയില്‍ നിന്ന് ഉയർന്ന് വന്ന പീഡന ആരോപണങ്ങളില്‍ എടുക്കുന്ന പത്താമത്തെ കേസാണ് ഇത്. സമാനമായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറും.

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്ബാണ് വി കെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ചെറിയരൂപം അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ മദ്യം ഓഫർ ചെയ്തു.
തുടർന്ന് ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്നീട് തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *