കുമരകം ബോട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ടു വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും ഇടി കൊണ്ട കാർ പിന്നിലേക്ക് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. തുടർന്ന്ഇ ടിച്ച കാർ നിർത്താതെ പോയി. കുമരകം ബസ് ബേയുടെ സമീപത്തു വെച്ച് അലക്ഷ്യമായി ഓടിച്ച് അപകടം ഉണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു. അപ്പീത്ര റോഡിന് സമീപം നന്ദാസ് ഹോട്ടലിന് മുന്നിൽ വെച്ചാണ് കൂട്ടയിടി നടന്നത്. ഒരു വീട്ടിലെ കയറി താമസത്തിൽ പങ്കെടുക്കാനെത്തിയവരുടെ കാറുകളായിരുന്നു റോഡരികിൽ പാർക്കു ചെയ്തിരുന്നത്. കവണാറ്റിൻകര ഭാഗത്തുനിന്നും വന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് റോഡരികിൽ പാർക്കു ചെയ്തിരുന്ന ഡസ്റ്റർ കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുരുണ്ട ഡസ്റ്റർ കാർ പിന്നിൽക്കിടന്ന കിയാ കാറിൽ ഇടിക്കുകയായിരുന്നു.
കാറിലിടിച്ചു അപകടം ഉണ്ടാക്കിയിട്ടും ഡിസയർ കാർ നിർത്താതെ വിട്ടുപോകുകയായിരുന്നു. ഇടി കൊണ്ട കാറിൻ്റെ ഉടമ ഉടൻ തന്നെ കുമരകം പോലീസിൽ അറിയിച്ചതുകൊണ്ട് കുമരകം ചന്തക്കവലയിൽ എത്തുന്നതിനു മുമ്പ് തന്നെ പോലീസ് കാർ കസ്റ്റഡിയിലെടുത്തു. ഈ കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ്റെ തലക്ക് ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.