തിരുവാർപ്പ്: തിരുവാർപ്പിലെ ക്ഷേത്രങ്ങൾ കേന്ദീകരിച്ച് മോഷണ പരമ്പര ആരങ്ങേറി. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയും കൊച്ചമ്പലത്തിലേയും കാണിക്കവഞ്ചികളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ രണ്ട് കാണിക്ക വഞ്ചികളും കൊച്ചമ്പലത്തിലെ ഒരു കാണിക്ക വഞ്ചിയും ഉൾപ്പടെ മൂന്നിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചിക്കൊപ്പം ക്ഷേത്രകുളത്തിനു സമീപത്തെ കാണിക്കവഞ്ചിയുമാണ് കുത്തി തുറന്നത്. പ്രധാന കാണിക്കവഞ്ചിയിലെ പണം ക്ഷേത്ര ഭാരവാഹികൾ എടുത്തിട്ട് രണ്ട് മാസങ്ങളെ ആയിട്ടുള്ളു. എങ്കിലും ഈ കാണിക്കവഞ്ചിയിൽ നിന്നും 5000 രൂപയോളം നഷ്ടപ്പെട്ടതായി ആണ് കണക്കുകൂട്ടുന്നത്. മറ്റു രണ്ട് കാണിക്കവഞ്ചിയിലും കൂടുതൽ പണം ഉണ്ടാകാനിടയില്ലെന്നുമാണ് പ്രാധമിക വിലയിരുത്തൽ. മോഷ്ടവിൻ്റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്യ സംസ്ഥാനക്കാരനാകാനാണ് സാധ്യതയെന്നും കുമരകം സി.ഐ. കെ.ജെ. തോമസ് കുമരകം ടുഡേയോടു പറഞ്ഞു. മോഷ്ടാവിനെ ഉടൻ പിടികൂടാനാകുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
