National News

മൊബൈൽ കണക്ഷൻ തടസ്സപ്പെട്ടാൽ നഷ്ടപരിഹാരം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പുതുക്കി ട്രായ്.

ന്യൂഡൽഹി: രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ പിഴ ശിക്ഷ വിവിധ ഗ്രേഡുകളായാണ് വിധിക്കുക.
നേരത്തെ സെല്ലുലാർ മൊബൈൽ സർവീസുകൾ, ബ്രോഡ്ബാൻഡ് സർവീസുകൾ, ബ്രോഡ്ബാന്റ് വയർലെസ് സർവീസുകൾ എന്നിവയ്ക്കായുള്ള വെവ്വേറെ ചട്ടങ്ങൾക്ക് പകരമായാണ് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ശേഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താവിന് സേവനം തടസ്സപ്പെട്ടാൽ, ആ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യും. പ്രീപെയ്ഡ് ഉപഭോക്താവിന് 2025 ഏപ്രിൽ മുതലാണ് ഇത് ലഭ്യമാവുക. അതായത് പ്രീപെയ്ഡ് ഉപഭോക്താവിന് 12 മണിക്കൂറിൽ കൂടുതൽ സേവനം നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ അധിക വാലിഡിറ്റി ക്രെഡിറ്റ് ചെയ്യപ്പെടും. ഒരാഴ്ചക്കുള്ളിൽ ഈ നഷ്ടപരിഹാരം നൽകിയിരിക്കണം.
ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസ്സപ്പെട്ടാൽ അക്കാര്യം ട്രായ് അധികൃതരെ കമ്പനികൾ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസ്സം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഫിക്സഡ് ലൈൻ സേവനദാതാക്കളും സേവനം തടസ്സപ്പെട്ടാൽ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണം. പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല.
ബ്രോഡ്ബാന്റ് കണക്ഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ഇതനുസരിച്ച്, ഉപഭോക്താവിൽ നിന്ന് പണം വാങ്ങിയതിനു ശേഷം ഏഴ് ദിവസത്തിനുള്ളിൽ കമ്പനികൾ ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കണം. 2ജി, 3ജി, 4ജി, 5ജി കവറേജ് എവിടെയെല്ലാം ലഭ്യമാണെന്ന് സ്പെഷ്യൽ മാപ്പുകളിൽ കമ്പനികൾ പ്രദർശിപ്പിക്കണം. ഇതുവഴി മികച്ച സേവന ദാതാവ് ആരാണെന്ന് അറിഞ്ഞതിനു ശേഷം കണക്ഷനുകളെടുക്കാൻ ഉപഭോക്താവിന് സാധിക്കും. ആറ് മാസത്തിനുള്ളിൽ ഈ പുതിയ നിയമങ്ങൾ നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *