കോട്ടയം: അഞ്ച് ദിവസം മുൻപാണ് ശ്രീഹരി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്. അച്ഛൻ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തന്നെ പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. മകനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് അമ്മ ദീപ യാത്രയാക്കിയത്. എന്നാൽ സന്തോഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവർ കാത്തിരിക്കുന്നത് ജീവനറ്റ മകന്റെ തിരിച്ചുവരവിനായാണ്.
ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ (27) മരണമാണ് നാടിനൊന്നാകെ നൊമ്പരമാകുന്നത്. അച്ഛൻ പ്രദീപ് വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുകയാണ്. എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു അദ്ദേഹം. ഈ കമ്പനിയുടെ തന്നെ സൂപ്പർമാർക്കറ്റിലാണ് മകനു ജോലി ലഭിച്ചതും.
ഈ മാസം എട്ടിനാണ് ശ്രീഹരി നാട്ടിൽ നിന്ന് കുവൈത്തിലേക്ക് എത്തുന്നത്. അച്ഛന്റെ താമസ സ്ഥലത്തിന് അടുത്തുതന്നെയായിരുന്നു മകന്റെയും താമസം. സമീപത്തെ ഫ്ലാറ്റിൽ തീപിടിച്ച വാർത്തയറിഞ്ഞ് മകനൊന്നും സംഭവിക്കരുതേ എന്നാണ് പ്രാർഥനയോടെയാണ് ഓടിയെത്തിയത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മകനെ കിട്ടാതെ വന്നതോടെ പരിഭ്രമമായി. ജീവൻ പൊലിഞ്ഞവർക്കൊപ്പം തന്റെ മകനുമുണ്ടെന്ന വാർത്തയാണ് അച്ഛനെ കാത്തിരുന്നത്. ശ്രീഹരിയെ കൂടാതെ അർജുൻ, ആനന്ദ് എന്നീ മക്കളും പ്രദീപ്- ദീപ ദമ്പതികൾക്കുണ്ട്.
ഇന്ന് കൊച്ചിയിൽ എത്തിച്ച മൃതദേഹം
മോർച്ചറിയിൽ സൂക്ഷിച്ച ശേഷം, (16-6-24 – ഞായറാഴ്ച) രാവിലെ 10.00AM ഇത്തിത്താനത്തെ വീട്ടിൽ എത്തിക്കും, തുടർന്ന് 2.00 PM ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.