Blog ആലപ്പുഴ

ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം- അഡ്വ. പി. സതീദേവി

സർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകളെ കൃത്യമായ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവന്ന് തൊഴിലെടുക്കുന്ന സ്ത്രീകളായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ആശാ പ്രവർത്തകരും അംഗണവാടി പ്രവർത്തകരും ഉൾപ്പെടുന്ന വലിയ വിഭാഗത്തിൻ്റെ പ്രവർത്തനം ജോലിയായി പരിഗണിക്കാതെ ഓണറേറിയം, ഇൻസെന്റീവ്, പാരിതോഷികം എന്നൊക്കെ പറഞ്ഞുകൊണ്ട് വളരെ നാമ മാത്രമായ സംഖ്യ നൽകി ആശ്വസിപ്പിക്കുന്ന സ്ഥിതിയാണ് ഇന്നും നിലനിൽക്കുന്നതെന്നും അധ്യക്ഷ പറഞ്ഞു. കേരളത്തിലെ ആശാപ്രവർത്തകർക്കായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ആലപ്പുഴ ജെന്‍ഡര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മിഷൻ അധ്യക്ഷ.

സംസ്ഥാനത്ത് തൊഴില്‍ മേഖലയിലും അല്ലാതെയും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ കേള്‍ക്കുന്നതിനായാണ് വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ ആശാവര്‍ക്കര്‍മാരെ കാണുന്നതിനും കേള്‍ക്കുന്നതിനുമായി വനിതാ കമ്മിഷന്‍ നടത്തുന്ന ആദ്യ പബ്ലിക് ഹിയറിംഗാണ് ആലപ്പുഴയിൽ നടന്നത്. ചടങ്ങിൽ വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, എൻ.എച്ച്.എം. പ്രോഗ്രാം ഓഫീസർ ഡോ. കോശി പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടര്‍ന്ന് വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചനയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. കേരളത്തിലെ ആശാവർക്കർമാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *