Blog

ഭാര്യയെ കോരിയെടുത്ത് നിസ്സഹായനായി ഭർത്താവ് നടുറോഡിൽ : രക്ഷയ്ക്കായി പോലീസെത്തി

ചങ്ങനാശ്ശേരി: പാമ്പുകടിയേറ്റ ഭാര്യയെ കോരിയെടുത്ത് രാത്രിയിൽ നിസ്സഹായനായി റോഡിൽ ആംബുലന്‍സ് കാത്തുനിന്ന ഭർത്താവിന്റെ സമീപത്തേക്ക് രക്ഷകരായി പ്രതിയുമായി പോലീസ് ജീപ്പെത്തി. ചങ്ങനാശ്ശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി രാത്രി 10:30 മണിയോടുകൂടി പൊൻകുന്നം സബ്ജയിലേക്ക് പോകുന്ന സമയം യാദൃശ്ചികമായി കാനം ഭാഗത്ത് വച്ച് ചെറിയ ആള്‍ക്കുട്ടം കാണുകയും ഇവര്‍ക്കിടയില്‍ കാപ്പുകാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ കയ്യിൽ കോരിയെടുത്ത് നിസ്സഹായനായി നിൽക്കുന്നത് കാണുകയായിരുന്നു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം തിരക്കുകയും, തന്റെ ഭാര്യയെ പാമ്പ് കടിച്ചതാണെന്നും ആംബുലൻസ് വരാൻ വേണ്ടി കാത്തുനിൽക്കുകയാണെന്നും പറയുകയായിരുന്നു. ഇത് കേട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ എബ്രഹാം, ജീപ്പിൽ പ്രതിയുമായി മധ്യഭാഗത്ത് ഇരുന്ന പോലീസ് ഉദ്യോഗസ്ഥനായ ബൈജുവിനോട് പ്രതിയുമായി പുറകിലേക്ക് ഇരിക്കുവാനും, തുടര്‍ന്ന് യുവാവിനോട് ഭാര്യയുമായി വാഹനത്തില്‍ കയറുവാന്‍ അറിയിക്കുകയും, വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിൽ ഇരുവരെയും ഇരുത്തിയ ശേഷം വാഹനം ഓടിച്ചിരുന്ന സി.പി.ഓ ഷമീറിനോട് വേഗത്തില്‍ വാഹനം വിടാന്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ജീപ്പ് ഇവരെയും കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിക്കുകയും ഭർത്താവ് ഫോണില്‍ പകര്‍ത്തിയ കടിച്ച പാമ്പിന്റെ ചിത്രം ഡോക്ടറെ കാണിക്കുകയും ചെയ്തു. പടം കണ്ട് ഇത് അണലിയാണെന്ന് തിരിച്ചറിയുകയും, തുടര്‍ന്ന് ഇവിടെ നിന്നും എത്രയും പെട്ടെന്ന് ഇതിന്റെ ചികിത്സയുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്താൻ ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസ് ഭർത്താവിനോട് കടിച്ചത് അണലിയാണെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഉടൻതന്നെ പോലീസ് ഇരുവരെയും കൊണ്ട് പാലായിലെ ഇതിന്റെ ചികിത്സയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഞൊടിയിടയില്‍ പോലീസ് ഇവിടെയെത്തുകയും ചെയ്തു. ആശുപത്രിയിൽ യുവതിയെ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. തുടർന്ന് അല്പം വൈകിയാണെങ്കിലും ജീപ്പിലുണ്ടായിരുന്ന പ്രതിയെ കൃത്യമായി പൊൻകുന്നം സബ്ജയിലിൽ എത്തിച്ച ശേഷം പോലീസ് അവിടെ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് രാവിലെയും വിളിച്ച് യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും യുവതി സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി സ്റ്റേഷനിലെ എസ്.ഐ ടി.എം എബ്രഹാം, സി.പി.ഓ മാരായ എം.ഷമീർ, ബി.ബൈജു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *