കോട്ടയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രത്നവേൽ (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്ത് M L റോഡില്‍ പ്രവർത്തിക്കുന്ന പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ 2020 ജൂൺ മുതൽ മധുരയിൽ നിന്ന് പച്ചക്കറി വില കുറച്ച് കിട്ടുമെന്ന് ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ച് അവിടെ താമസിച്ച് പല തവണകളായി ഉടമയിൽ നിന്നും പച്ചക്കറിയുടെ പേരില്‍ ഏകദേശം പതിനഞ്ചുലക്ഷത്തി തൊണ്ണൂറ്റിയെണ്ണായിരം (15,98,000) രൂപ വാങ്ങിയെടുത്ത് വിതരണക്കാർക്ക് നൽകാതെ, ഉടമയ്ക്ക് വ്യാജ രേഖ നൽകി ഉടമയെ കബളിപ്പിച്ച കേസില്‍ വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത്‌കുമാര്‍ കെ.ആര്‍ , സി.പി.ഓ മാരായ രാജേഷ് സി.എ, ഷൈനു.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.