Kerala News

ഓണക്കിറ്റുകൾ വിതരണം സെപ്തംബർ 9 മുതൽ 14 വരെ

ഓണത്തോട് അനുബന്ധിച്ച് സെപ്തംബർ 9 മുതൽ 14 വരെ സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളിലൂടെ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു തുടങ്ങും. ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളെല്ലാം ഔട്ട്‌ലറ്റുകളിൽ ആരംഭിച്ചിട്ടുണ്ട്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഇവർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും.

സംസ്ഥാനത്തെ എല്ലാ എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്‌പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമാണ് മുൻഗണനേതര വിഭാഗക്കാർക്ക് സ്‌പെഷ്യൽ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും. ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കും. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല ഫെയറുകളും താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും.

13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *