
കുമരകം : നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് സംവിധാനത്തിലും സ്റ്റാർട്ടറുടെ തീരുമാനത്തിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുമരകം ടൗൺ ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ ഇന്നലെ നടുഭാഗം വള്ളസമതിയും ജില്ലാ കളക്ടർക്ക് പരാതി നൽകി. ഫൈനൽ മത്സരത്തിൽ നടുഭാഗം വള്ളം തുഴഞ്ഞ ഒന്നാം ട്രാക്കിൽ സ്റ്റാർട്ടിംഗിനായി വള്ളം പിടിച്ചപ്പോൾ മോട്ടർ ബോട്ട് ട്രാക്കിൽ ഉണ്ടെന്നും തങ്ങൾ വള്ളം തുഴയാൻ തയ്യാറല്ലെ ന്നും സ്റ്റാർട്ടറെ അറിയിച്ചു. പ്രതിക്ഷേധ സൂചകമായി താരങ്ങൾ തുഴ ഉയർത്തിപിടിച്ചപ്പോഴാണ് സ്റ്റാർട്ടർ സ്റ്റാർട്ടിംഗ് സിഗ്നൽ നൽകിയതെന്നാണ് കെ.ടി.ബി.സി യുടെ ആരോപണം. ഒരേ സമയം വള്ളങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സ്റ്റാർട്ടിംഗ് സംവിധാനം അൺലോക്ക് ആകാനും സങ്കേതിക തടസ്സം ഉണ്ടായതായും ബാേട്ട് ക്ലബ് നൽകിയ പരാതിയിൽ ഉണ്ട് . മൈക്രോ സെക്കണ്ടുകൾക്ക് വിജയം നിശ്ചയിച്ച
മത്സരത്തിൽ സ്റ്റാർട്ടിങ് സംവിധാനം വഴി സെക്കന്റുകൾ വൈകി തുഴയെറിഞ്ഞതിനാൽ തങ്ങൾക്കർഹതപ്പെട്ട വിജയം നഷ്ടപ്പെട്ടു എന്നാണ് തുഴച്ചിൽ താരങ്ങളുടെയും ക്ലബ് ഭാരവാഹികളുടെയും ക്യാപ്റ്റന്റെയും പരാതി. മാസങ്ങളോളം പരിശീലനം നടത്തി ലക്ഷങ്ങൾ മുടക്കി മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇത്തരം പിഴവുകൾമൂലം ട്രോഫി നഷ്ടപ്പെടുന്നത് കടുത്ത അനീതിയാണെന്ന് ക്ലബ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിരുത്തരവാദപരമായി സ്റ്റാർട്ടിംഗ് നടത്തിയ സ്റ്റാർട്ടറെ അജീവനാന്തം വിലക്കണമെന്നും ക്ലബ് ഭാരവാഹികളും കുമരകത്തെജലോത്സവ പ്രേമികളും ആവശ്യപ്പെടുന്നു. എൻ.ടി.ബി.ആർ കമ്മറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ചയാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്നാണ് ക്ലബ് അംഗങ്ങൾ പറയുന്നത്. വയനാട് ദുരന്തംമൂലം മാറ്റിവച്ച വള്ളംകളി വീണ്ടും നടത്താൻ തീരുമാനം ആയപ്പോൾ വലിയ പ്രതീക്ഷയിലാണ് കടം വാങ്ങി പണം കണ്ടെത്തിയും ക്ലബ്ബ് മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറെടുത്തത് എന്നാൽ ഒറ്റ നിമിഷത്തെ അശ്രദ്ധയിൽ തങ്ങളുടെ വിജയം നഷ്ടപ്പെട്ട നിരാശയിലാണ് ക്ലബ്ബ് താരങ്ങൾ. ഈ വർഷം കുമരകം സ്വദേശിയായ സുനീഷ് നന്ദികണ്ണന്തറയുടെ ക്യാപ്റ്റാൻസിയിലാണ് ക്ലബ്ബ് നെഹ്‌റുട്രോഫിയിൽ പങ്കെടുത്തത്.