കുട്ടനാട്ടുകാരുടെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കുവാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് MP.
നെഹ്റു ട്രോഫി കേവലം ഒരു മത്സരം മാത്രമല്ലെന്നും ഇത് കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഉത്സവമാണെന്നും സർക്കാർ മനസ്സിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനം അടക്കം പൂർത്തിയായ നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കുന്ന സർക്കാർ യാതൊരു പാരമ്പര്യവും ഇല്ലാത്ത ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനായി 2 കോടി 45 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത് നെഹ്റു ട്രോഫി വള്ളംകളിയോടും കുട്ടനാട്ടിലെ ജനങ്ങളോടും ആലപ്പുഴയിലെ ടൂറിസം മേഖലയോടുമുള്ള സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്നും. ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെഹ്റു ട്രോഫി വള്ളംകളിക്ക് കേവലം ഒരുകോടി രൂപ മാത്രമാണ് കഴിഞ്ഞ നാളുകളിൽ സർക്കാർ ഗ്രാൻഡുകൾ ആയി നൽകിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും അധികം കായികതാരകൾ ഒരേസമയം മത്സരിക്കുന്ന ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയോടുള്ള ചിറ്റമ്മനയം പരിശീലനത്തിന്റെ 80 ശതമാനവും പിന്നിട്ട 75 ൽ അധികം വള്ളങ്ങളിലെ കായികതാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം.പി അഭിപ്രായപ്പെട്ടു.
19 ചുണ്ടൻ വള്ളങ്ങൾ രജിസ്റ്റർ ചെയ്ത ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിക്കായി ഇതിനോടകം തന്നെ 80 ലക്ഷത്തിലധികം രൂപ ഓരോ ബോട്ട് ക്ലബ്ബും ചെലവഴിച്ചതായി വിവിധ ബോട്ട് ക്ലബ്ബുകളുടെ ക്യാപ്റ്റൻമാരുമായി സംസാരിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞതായും കായിക വിനോദത്തിന് അപ്പുറം ആലപ്പുഴയിലെയും കുട്ടനാട്ടിലെയും സമ്പദ്ഘടനയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന വള്ളംകളി ഉപേക്ഷിക്കുന്നത് മൂലം 4500ലധികം കായികതാരങ്ങൾക്ക് ശമ്പള ഇനത്തിൽ മാത്രം ലഭിക്കുന്ന 10000 കണക്കിന് രൂപയും ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ലഭിക്കുന്ന വരുമാനവും പൂർണ്ണമായും നിലയ്ക്കുമെന്നും, നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിക്ക് ലഭിക്കുന്ന കേവലം 500000 രൂപയ്ക്ക് വേണ്ടിയല്ല കുട്ടനാട്ടുകാർ നെഹ്റു ട്രോഫി വള്ളംകളിക്കായി ഒത്തുചേരുന്നത് മറിച്ച് വള്ളംകളി കുട്ടനാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന കായിക വിനോദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഹ്റു ട്രോഫി വള്ളംകളിയെ തഴഞ്ഞ് സ്ഥാപിത താല്പര്യങ്ങൾക്കായി യാതൊരു പാരമ്പര്യവും ഇല്ലാത്ത മറ്റ് പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ കുട്ടനാട്ടിലെ ബോട്ട് ക്ലബ്ബുകളുമായി ചേർന്ന് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.