നാട്ടുകാർ ഒന്നിച്ചു, മാഞ്ചിറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അയ്മനം പഞ്ചായത്തിലെ 1 – 20 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലത്തിന്റെ കോൺക്രീറ്റ് ജോലികളാണ് ഇന്നലെ രാത്രി മുതൽ ആരംഭിച്ച് ഇന്ന് പൂർത്തിയായത്.
വരമ്പിനകം – തൊള്ളായിരം ഭാഗത്തെ നൂറ് കണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയമായിരുന്ന പാലത്തിന്റെ നവീകരണം, പ്രദേശവാസികളുടെ ദീർഘ കാലമായുള്ള ആവശ്യമായിരുന്നു. ഇരുമ്പ് തകിടുകൾ ദ്രവിച്ചു അപകടാവസ്ഥയിലായ പാലം കോൺക്രീറ്റ് ചെയ്തു നവീകരിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാൽ പല വിധ സാങ്കേതിക കാരണങ്ങൾ മൂലം പാലത്തിന്റെ നവീകരണം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. കാലക്രമേണ പാലത്തിലെ കൂടുതൽ ഇരുമ്പ് തകിടുകൾ ദ്രവിക്കുകയും, പലയിടത്തും വിള്ളൽ വീഴുകയും ചെയ്തതോടെ പാലത്തിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്ക്കരമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഇടപെട്ട് ഏകദേശം 1 ലക്ഷം രൂപക്ക് മുകളിൽ ചിലവാക്കി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ആരംഭിച്ച കോൺക്രീറ്റ് ജോലികൾ ഇന്ന് ഉച്ചയോട്കൂടി പൂർത്തിയായി.

കോൺക്രീറ്റ് സെറ്റാകുന്നതിന് 15 ദിവസം എങ്കിലും വേണ്ടി വരും എന്നതിനാൽ നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഇതുവഴിയുള്ള താത്കാലിക ഗതാഗതത്തിനായി വള്ളമോ, ജങ്കാറോ ക്രമീകരിക്കാനാണ് നാട്ടുകാരുടെ ശ്രമം. വരമ്പിനകം-തൊള്ളായിരം പ്രദേശത്തെ കുടുംബങ്ങളുടെ പ്രധാന ആശ്രയമായിരുന്ന പാലത്തിന്റെ ശോചനീയാവസ്ഥ കുമരകം ടുഡേ മുൻപും വാർത്ത നൽകിയിരുന്നു.