കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത് ഓഗസ്റ്റ് 24ന് നടത്തുന്ന തദ്ദേശ അദാലത്തിലേക്ക് ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷ നൽകാം. https://adalat.lsgkerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് ഓൺലൈനായി അപേക്ഷ നൽകേണ്ടത്. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം.
ഓഗസ്റ്റ് 24ന് രാവിലെ 8.30 മുതൽ കോട്ടയം അതിരമ്പുഴ സെന്റ മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് തദ്ദേശ അദാലത്ത് നടക്കുക. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷ പെൻഷനുകൾ, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികൾ, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീർപ്പാക്കാത്ത പരാതികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.
ലൈഫ് പദ്ധതിയുടെ പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കില്ല.