കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ പ്രത്യേക വ്യോമസേന വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി .തമിഴ്‌നാട് മന്ത്രി കെ എസ് മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.
വ്യോമസേനയുടെ പ്രത്യേക ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിച്ചത്. രാവിലെ തന്നെ മന്ത്രിമാരായ പി രാജീവും കെ രാജനും വീണാ ജോര്‍ജ്ജും വിമാനത്താവളത്തില്‍ എത്തി കാര്യങ്ങള്‍ക്ക് നേത്യത്വം നല്‍കി. 31 മൃതദേഹങ്ങളും വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി.
23 മലയാളികളുടെയും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സുകളും രാവിലെതന്നെ തയ്യാറായിരുന്നു. പത്തരയോടെ മുഖ്യമന്ത്രിയും വിമാനത്താവളത്തില്‍ എത്തി. മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. മരിച്ചു കുടുംബങ്ങളുടെ വേദനയില്‍ മുഖ്യമന്ത്രി പങ്ക് ചേര്‍ന്നു. കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.