കുമരകം : കുമരകം ചൂളഭാഗം റോഡിൽ ചെത്തിക്കുന്നേൽ ഭാഗത്ത് അപകടക്കെണിയായിരുന്ന റോഡിലെ കുഴി നാട്ടുകാരായ മൂവർ സംഘത്തിന്റെ നേതൃത്വത്തിൽ നികത്തി. കുമരകം പഞ്ചായത്തിലെ 16ആം വാർഡിലെ ചെത്തിക്കുന്നേൽ കരിപ്പള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് വർഷങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴികളാണ് നാട്ടുകാരായ ബിനീഷ് പള്ളിക്കൂടം പറമ്പിൽ, ബോസ് ചെന്നങ്കരിച്ചിറ, അരുൺ ഈഴാംകാട് എന്നിവർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള പോക്കറ്റ് റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തതിന്റെഭാഗമായി കുഴികൾ ഭാഗികമായി അടച്ചിരുന്നെങ്കിലും പ്രതിഷേധാർത്ഥം, ബാക്കി വന്ന മെറ്റലും നാട്ടുകാർ തന്നെ സംഘടിപ്പിച്ച സാമഗ്രികളും ഉപയോഗിച്ച് കുഴികൾ പൂർണ്ണമായും നികത്തിയെടുക്കുകയാണുണ്ടായത് . ദിനംപ്രതി സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കാൽനടയായും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്ന വഴിയിലെ കുഴിയിൽ ചെറിയ അപകടങ്ങളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ നാളിതുവരെ കൈക്കൊള്ളഞ്ഞതിനാലാണ് നാട്ടുകാരുടെ ഇടപെടൽ ഉണ്ടായത്. നിരന്തര അവഗണനയിൽ കിടക്കുന്ന ചൂളഭാഗം റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
