ആലപ്പുഴ : ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 22 ശനിയാഴ്ച പമ്പയാറ്റിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെ.റ്റി.ബി.സി) പരിശീലന തുഴച്ചിലിന് തുടക്കമായി. നടുഭാഗം ചുണ്ടനിൽ മത്സരിക്കുന്ന ക്ലബ് ഇന്ന് (19/06/24 ബുധൻ) രാവിലെ മുതലാണ് പമ്പയാറ്റിൽ പരിശീലനം ആരംഭിച്ചത്. 21 വരെ ചമ്പക്കുളത്ത് ടീം പരിശീലനം നടത്തും. ഈ വർഷത്തെ നെഹ്‌റു ട്രോഫി – സി.ബി.എൽ മത്സരങ്ങളിലും ക്ലബ് നടുഭാഗം ചുണ്ടന്റെ തേരിലേറിയാണ് കടന്നു വരുന്നത്. പ്രഥമ നെഹ്‌റു ട്രോഫിയിൽ വിജയിച്ചു ചരിത്രം സൃഷ്‌ടിച്ച നടുഭാഗം ചുണ്ടന് പിന്നീട് ദീർഘകാലത്തെ ഇടവേളക്ക് ശേഷം 2019ലാണ് വീണ്ടും വെള്ളിക്കപ്പ് കരസ്ഥമാക്കാൻ സാധിച്ചത്. ഈ വർഷം വീണ്ടും നടുഭാഗത്തെ ഒന്നാമതെത്തിക്കുക എന്നതാണ് ക്ലബ് ലക്ഷ്യം വെക്കുന്നത്.
സുനിഷ് നന്ദികണ്ണന്തറയാണ് ക്യാപ്റ്റൻ, മോനപ്പൻ ആശാനാണു ലീഡിങ് ക്യാപ്റ്റൻ. നെഹ്‌റു ട്രോഫിക്ക് മുൻപുള്ള സെമി ഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകളും, വള്ളസമിതികളും ചമ്പക്കുളം ജലോത്സവത്തെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ചമ്പക്കുളത്തെ പ്രകടനം ക്ലബ്ബുകൾക്ക് പ്രധാനപെട്ടതാണ്. ഇക്കുറി നെഹ്‌റു ട്രോഫി ലക്ഷ്യം വയ്ക്കുന്ന ക്ലബ്ബുകളിൽ ഏറിയവയും ചമ്പക്കുളത്ത് പമ്പയാറ്റിൽ തുഴയെറിയുന്നുണ്ട്. ഓരോ ക്ലബ്ബിനും തങ്ങളുടെയും, അതുപോലെ എതിരാളിയുടെയും ശക്തിയും – ദൗർബല്യവും തിരിച്ചറിയുന്നതിനുള്ള അവസരമാണ് മൂലം ജലോത്സവം.