കുമരകം : കുമരകം ജെട്ടി പാലത്തിന് സമീപം പ്രവർത്തിച്ചു വരുന്ന വള്ളങ്ങളുടെ വർക്ക് ഷാേപ്പ് ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. പ്രശസ്തിയുടെ നേർകാഴ്ചയാണ് ഇപ്പോൾ യൂറോപ്പിലേക്കായി ഇവിടെ നിർമ്മാണം പൂർത്തിയാക്കിയ വള്ളം. വെള്ളത്താൽ ചുറ്റപ്പെട്ട കുമരകത്തെ ജനങ്ങളുടെ പ്രധാനസഞ്ചാര മാർഗമായിരുന്നു വള്ളങ്ങൾ. പണ്ടെന്ന പാേലെഇപ്പോഴും വള്ളങ്ങൾ കുമരകം നിവാസികൾക്ക് അനിവാര്യമാണ്. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. തടി കാെണ്ട് നിർമ്മിക്കുന്ന വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സാധരണമാണ്. അവയുടെ പണിക്കായി പ്രത്യേക കഴിവുളള ആശാരിമാരെ കിട്ടാതായേതോടെ പലരും വള്ളം ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ വള്ളംആരും ഉപേക്ഷിേക്കേണ്ടതില്ല. വള്ളം ബാേട്ടുജെട്ടിക്കു സമീപം ഉള്ള വിശാഖംതറ മത്തച്ചൻ്റെ വള്ളകടവിൽ എത്തിച്ചാൽ മതി ബാക്കി കാര്യം മത്തച്ചൻ നാേക്കിക്കാെള്ളും. എത്ര വലിയ വള്ളമാണെങ്കിലും വള്ള പുരയിലേക്ക് കയറ്റാാൻ മത്തച്ചൻ മാത്രം മതി. അതിനു വേണ്ട സംവിധാനവും മത്തച്ചൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏഴ് എച്ച്.പി ഡീസൽ എൻജിൻ്റെ സഹായത്തോടെ വീഞ്ച് പ്രവർത്തിപ്പിച്ചാണ് വള്ളം കയറ്റുന്നത്. വള്ളപ്പുരയിൽ കയറ്റിയ വള്ളം ഉണങ്ങി കഴിഞ്ഞാൽ അതിൻ്റെ നിർമ്മാണത്തിനു വേണ്ട ആശാരിമാരും തടിയും മറ്റെല്ലാം ഇവിടെ സജ്ജമാണ്. 17 വർഷമായി മത്തച്ചൻ (67) തൻ്റെ മില്ലിനാെപ്പം വള്ളങ്ങളുടെ നിർമ്മാണവും ഏറ്റെടുത്തിട്ട്. തൻ്റെ പണിശാലയിൽ വള്ളങ്ങളില്ലാത്ത ദിവസങ്ങളില്ല. ആവശ്യാനുസരണം പുതിയ വള്ളങ്ങളും മത്തച്ചൻ പണിതു കാെടുക്കുന്നുണ്ട്. ആഞ്ഞിലി, പ്ലാവ്, തമ്പകം, തേക്ക് തുടങ്ങിയ തടികളാണ് വള്ളം നിർമ്മാണത്തിന് ഉപയാേഗിക്കുന്നത്. തടി മുറിക്കാനുള്ള സംവിധാനവും പണിശാലയിൽ മത്തച്ചൻ സ്വയം രൂപകല്പന ചെയ്ത് സ്ഥാപിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ മാത്രമല്ല വിദേശങ്ങളിലും മത്തച്ചൻ്റെ വള്ളം പണിയുടെ മേന്മ എത്തിക്കഴിഞ്ഞു. കഴിഞ്ഞ മാസം വള്ളം നിർമ്മിക്കാനുള്ള കരാർ ലഭിച്ചത് യൂറാേപ്പിൽ നിന്നാണ്. 15 അടി നീളവും ഒരു മീറ്റർ 10 സെൻ്റിമീറ്റർ വീതിയും ഉള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓർഡർ ലഭിച്ചത്. 50,000 രൂപയ്ക്കാണ് കരാർഎടുത്തത്. മുന്ന് ആശാരിമാർ എട്ടു ദിവസങ്ങൾക്കാെണ്ട് നിർമ്മാണം പൂർത്തിയാക്കി. ഒക്ടാേബറിൻ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും.
