അയ്മനം : കരീമഠം സ്കൂളിലെ കുരുന്നുകൾക്ക് ആശ്വാസം. സ്കൂളിലേക്കെത്താൻ കുട്ടികൾ ഉപയോഗിച്ചിരുന്ന നിലവിലെ അപകടാവസ്ഥയിലായ പാലത്തിനു പകരം പുതിയ താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി വി.എൻ വാസവന്റെ ഇടപെടലിലൂടെ ലഭിച്ച അടിയന്തിര സഹായം ഉപയോഗിച്ചാണ് താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തും, പ്രദേശവാസികളും, യുവജന പ്രസ്ഥാനങ്ങളും സംയുക്തമായി മുന്നിട്ടിറങ്ങിയാണ് പാലം നിർമ്മിക്കുന്നത്., വാർഡ് മെമ്പറും, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ഏറെ കാലമായി ഇവിടെ സ്ഥിതി ചെയ്തിരുന്ന പാലം അപകടാവസ്ഥയിലായിരുന്നു, പാലത്തിന്റെ ശോചനീയാവസ്ഥ മാധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
