കുമരകം : ഇന്നലെ സന്ധ്യക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കുര കാറ്റെടുത്ത് സമീപത്തെ പാടത്ത് ഇട്ടു. ഷീറ്റുകൊണ്ട് നിർമ്മിച്ച മേൽ കൂരയാണ് കാറ്റ് പറത്തിയത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി പരേതനായ ചക്രൻ്റെ ഭാര്യ ദേവയാനിയുടെ വീടിൻ്റെ മേൽക്കുരയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കുകളൊന്നുമില്ല.
വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമാണ് നനഞ്ഞെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ലഭിച്ചത്. ഇന്നലെ രാത്രി മുതൽ കുടുംബം അളിയൻ അനിരുദ്ധൻ്റെ ബോട്ടുജെട്ടിയിലുള്ള വീട്ടിലാണ്.