കുമരകം : കാലാവർഷം കനത്തത്തോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് ദുരിതം വിതച്ചു വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കൽ, ആമ്പക്കുഴി, ചെങ്ങളം എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ഗതാഗത തടസമില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്, മഴ കനക്കുകയും കൂടി ചെയ്താൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത ഏറെയാണ്.
