Blog

റെയിൻസോക്കറിൽ ഗോൾ മഴ ; സി.വി.എച്.ആർ റെയിൻ സോക്കർ 2024 – ൽ കുമരകം ഗോകുലം ഗ്രാൻഡ് ജേതാക്കൾ

കുമരകം : മഴ ഫുട്ബാളിന്റെ എല്ലാ ആവേശവും വാനോളം ഉയർത്തി എതിർവല നിറച്ചു ഗോകുലം ചാമ്പ്യൻമാരായി. കുമരകത്തെ റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന റെയ്ൻ സോക്കർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ എതിരാളികളായ കോക്കനട്ട് ലഗുണിനെതിരെ ഇരു പകുതികളിലായി പത്ത് ഗോളുകൾ നിറച്ചാണ് കോട്ടയം ടൈഗർ ടർഫിൽ രാത്രി 11നു നടന്ന മത്സരത്തിൽ ഗോകുലം ഗ്രാൻഡ് മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിജയികൾ ആയത്. കളി തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഗോകുലത്തിന്റെ പറക്കും ഫോർവേഡുകൾ എതിർ വല ചലിപ്പിച്ചു തുടങ്ങി. ചുണ്ടൻ വള്ളത്തിന്റെ വേഗത പോലെ എതിർ ഗോൾ മുഖത്ത് ചാട്ടുളി പോലെ ചീറി പാഞ്ഞ ഗോകുലം ഫോർവെഡുകൾക്ക് മുൻപിൽ ലഗുൺ നിഷ്പ്രഭരായി, കാഴ്ചക്കാരായി. നിറഞ്ഞു കവിഞ്ഞ കാണികളുടെ ആരവവും ആർപ്പുവിളികളും ഉത്തേജകമായപ്പാേൾ എതിർ ഗോൾ വല നിറഞ്ഞു.

ആദ്യ പകുതിയിൽ പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ലഗുണിന്റെ താരങ്ങൾ ഗോൾ എന്നുറച്ച പല അവസരങ്ങളും കളഞ്ഞു കുളിച്ചു. യൂറോപ്പ്യൻ കാല്പന്ത് കളിയുടെ വേഗതയായിരുന്നു ഗോകുലത്തിനെ വള്ളപാടിനു മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ പരമാവധി ശ്രമിച്ച ലഗുണിന്റെ നീക്കങ്ങൾ രണ്ടാം പകുതിയിൽ കാണികളെ ആവേശത്തിലാക്കി. ഇടതും വലതും മധ്യത്തിലും പറന്നു കളിച്ച ഗോകുലം ഫോർവെഡുകളാണ് സി.വിഎച്ച്.ആർ റെയിൻ സോക്കർ 2024 കപ്പൂയർത്തുന്നതിൽ നിർണ്ണായകമായത്.കളിയിലെ താരമായി ജിനുമോനും (ഗോകുലം) ഗോൾഡൻ ബൂട്ടിനു ആരോണും (ഗോകുലം) മികച്ച ഫോർവെഡായി അഫ്ത്താബ് (അബു,- സുരി) യും മികച്ച ഡിഫെൻഡറായി ഗോകുലും (കെ..എൽ.ആർ) മികച്ച ഗോൾ, കീപ്പറായി സായിദ് അൻവറും (സൂരി) മികച്ച അറ്റാക്കിങ് മിഡ്‌ ഫീൽഡറായി രോഹിതും (ലഗുൺ) ടൂർണമെന്റിലെ താരമായി ജർമിയയും (ഗോകുലം) തിരഞ്ഞെടുക്കപ്പെട്ടു.കളി നിയന്ത്രിച്ചത് റഫറിമാരായ സച്ചിനും രാഹുലും (കെ.സി.എ) ആയിരുന്നു. സമ്മാന ദാന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും കോട്ടയം മുൻസിപ്പൽ കൗൺസിലർ ജയകൃഷ്ണൻ നൽകി. ചടങ്ങിൽ സി.വി.എച്ച്.ആർ പ്രസിഡന്റ്‌ ഹരികൃഷ്ണൻ, സെക്രട്ടറി സോബി ജോർജ്, വൈസ് പ്രസിഡന്റ്‌ ജീന ജേക്കബ് , മുൻ സെക്രട്ടറി അരുൺകുമാർ ഓഫീസ് സെക്രട്ടറി കെ. ജി.ബിനു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *