കുമരകം : കവണാറ്റിൻകരയിൽ പ്ലാസ്റ്റിക് മിഠായി ഭരണയിൽ തലയിട്ട നായയ്ക്ക് രക്ഷകരായി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ. അബദ്ധത്തിൽ പ്ലാസ്റ്റിക് ഭരണിയിലേക്ക് തലയിട്ട നായയ്ക്ക് പിന്നീട് അതിൽ നിന്നും മോചനം നേടാനായില്ല. ഇതോടെ ഭരണിയിൽ നിന്നും തല തിരികെ എടുക്കാനാകാതെ നായ മണിക്കുറുകളോളം കഷ്ടപ്പെട്ടു. തലയിൽ പ്ലാസ്റ്റിക് ഭരണിയുമായി കുമരകത്തെ വിനോദസഞ്ചാരത്തിൻ്റെ കേന്ദ്രമായ കവണാറ്റിൻകരയിലൂടെ പാഞ്ഞുനടന്ന് അക്ഷീണ പരിശ്രമം നടത്തിയിട്ടും തല ഊരിയെടുക്കാനായില്ല. ഒടുവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ ഫാമിലുള്ള തോട്ടിലേക്ക് ചാടി തല വെള്ളത്തിൽ മുക്കി പൊക്കി ഊരാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രാണരക്ഷാർത്ഥം തോട്ടിൽ നിന്ന് കയറാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരായ ആദിത്യൻ, നന്ദു, പ്രസാദ്, അതുൽ എന്നിവർ ചേർന്ന് നായയെ വെള്ളത്തിൽ നിന്നും കയറ്റി പ്ലാസ്റ്റിക് ഭരണി മുറിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു.
