File picture
കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും, കോട്പ ആക്ട് പ്രകാരം 45 കേസും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 113 കേസുകളും ഉൾപ്പെടെ 201 കേസുകൾ രജിസ്റ്റർ ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിങ്ങനെ 144 ഇടങ്ങളിലും പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 95 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും, കൂടാതെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡിനെ ഉള്‍പെടുത്തി പ്രത്യേക പരിശോധനയും നടത്തി. ഇന്നലെ രാവിലെ (29.08.24) തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ 03.00 മണിവരെ നീണ്ടുനിന്നു.