കോട്ടയം : വേമ്പനാട് കായലിലും, ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് ശാശ്വതപരിഹാരത്തിന് നടപടിയുമായി ജില്ലാ പഞ്ചായത്ത്. പ്രശ്ന പരിഹാരത്തിനു സാങ്കേതികസമിതി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുലാവർഷ സമയത്തോടു കൂടി വേമ്പനാട്ടുകായലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും പോളശല്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് സാങ്കേതിക സമിതി അധ്യക്ഷ. വൈക്കം ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് സമിതി കൺവീനർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫീസർ, മൈനർ-മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എം.ജി. സർവകലാശാല എൻവയോൺമെന്റ് സയൻസ് വിഭാഗം, പാമ്പാടി എൻജിനീയറിങ് കോളജ്, ശാസ്ത്രസാഹിത്യപരിക്ഷത്ത് എന്നിവയുടെ പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. വേമ്പനാടു കായലും ഉൾനാടൻ ജലാശയങ്ങളുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ഇതു സംബന്ധിച്ച വിശദമായ ചർച്ച നടക്കും. ഇതിനായി കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാർ, കൃഷി ഉദ്യോഗസ്ഥർ, പാടശേഖരസമിതി, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി ജൂലൈ 20ന് മുമ്പായി യോഗങ്ങൾ വിളിച്ചുചേർക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ബെവിൻ ജോൺ വർഗീസ്, കെ. അനിൽകുമാർ, ഹൗസ് ബോട്ട് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഡാനിയേൽ, സെക്രട്ടറി പ്രവീൺ ചന്ദ്രശേഖരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫോട്ടോക്യാപ്ഷൻ: വേമ്പനാട്ടുകായലിലും ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.