Blog

വസ്തു ഈടിൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു

തിരു : വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു. ഈടിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് സഹകരണ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നത്. ചട്ടങ്ങൾ തയ്യാറാക്കി അന്തിമവിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പണയവസ്തുവിന്റെ വില നിശ്ചയിക്കാൻ പ്രത്യേകസമിതി വേണമെന്നതാണ് പുതിയ വ്യവസ്ഥ. 10 ലക്ഷം രൂപയിൽ താഴെയാണ് വായ്പാത്തുകയെങ്കിൽ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസമിതി വില നിശ്ചയിക്കും. 10 ലക്ഷത്തിലധികമാണ് തുകയെങ്കിൽ രണ്ടു വീതം ബാങ്ക് ഉദ്യോഗസ്ഥരും ഡയറക്ടർമാരും സമിതിയിലുണ്ടാകും. വിരമിച്ച ഡെപ്യൂട്ടി തഹസിൽദാരോ സബ് രജിസ്ട്രാറോ സമിതിയിൽ വേണം. ഈടു നൽകുന്ന ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ വിരമിച്ച പൊതുമരാമത്ത് അസി. എൻജിനീയറെയും ഉൾപ്പെടുത്തണം. നിശ്ചയിക്കുന്ന വിലയുടെ പകുതിയാണ് വായ്പയായി അനുവദിക്കുക. ഈടു നൽകുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിർണ്ണയിക്കുന്നത് നിലവിൽ ബാങ്ക് ഭരണസമിതി അംഗങ്ങളാണ്. പണയവസ്തുവിന്റെ വില പെരുപ്പിച്ചു കാണിച്ച് ഉയർന്ന തുക ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും അനുവദിച്ച് സംഘത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് തടയുകയാണ് പുതിയ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *