നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ സുന്ദർ മേനോൻ ചെയർമാനാണ്. കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറകടർ. ഇരുവരുടെയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല.മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി. പണം കിട്ടാത്ത നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.