Kerala News

വള്ളംകളികൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ.

ആലപ്പുഴ: ഭാരതത്തിൻ്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളി നടത്തണമെന്നും, തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വള്ളംകളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ആയിരക്കണക്കിന് ജലോത്സവ പ്രേമികളും ക്ലബ്ബുകളും വളളമുടമകളും കായികതാരങ്ങളും ചേർന്ന് പ്രതിഷേധജ്വാല തീർക്കുന്നു.
കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം എത്തിക്കുന്ന ജലമേളകൾ, വെറും കായികവിനോദം എന്നതിലുപരി ഓരോ കേരളീയന്റെയും വികാരം കൂടിയാണ്. ഏതൊരു വള്ളംകളിക്കാരന്റെയും സ്വപ്നമാണ് നെഹ്രു ട്രോഫിയിൽ മുത്തമിടുക എന്നുള്ളത്. വർഷങ്ങളുടെ കഠിനപ്രയത്നവും നിരവധി ആളുകളുടെ കഠിനാധ്വാനവും കോടിക്കണക്കിന് രൂപയുടെ ചെലവും കൊണ്ട് ലോകപ്രശസ്തി ആർജ്ജിച്ച നമ്മുടെ വള്ളംകളികളെ സംരക്ഷിക്കാനും അതിന്റെ തനിമയോടെ നിലനിർത്താനും നമുക്ക് ഒത്തൊരുമിച്ച് പ്രയത്നിക്കാമെന്ന പ്രതിജ്ഞയോടെ, സെപ്റ്റംബർ അഞ്ചാം തീയതി വള്ളംകളി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ പുന്നമട ഫിനിഷിംഗ് പോയിന്റിൽ പ്രതിഷേധ ധർണ്ണ നടത്തും.
മാറ്റിവെച്ച നെഹ്രുട്രോഫി മത്സരവള്ളംകളി നടത്തുക, ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തുക, പ്രാദേശിമായതും ചെറുതും വലുതുമായ എല്ലാ വള്ളംകളികളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വള്ളംകളി സംരക്ഷണവേദി മുന്നോട്ടു വയ്ക്കുന്നതെന്ന് താത്ക്കാലിക ഭാരവാഹികളിലൊരാളായ പ്രജിത്ത് പുത്തൻപറമ്പ് പറഞ്ഞു. വള്ളമുടമകളുടെ വിവിധ സംഘടനകൾ, തുഴച്ചിൽക്കാരുടെ സംഘടനകൾ, വള്ളംകളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, ജലോത്സസവ പ്രേമികൾ തുടങ്ങിയവരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് വള്ളംകളി സംരക്ഷണ വേദി പ്രവർത്തകർ ആലപ്പുഴ ജില്ലാ കലക്ടറെ കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *