വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 793 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 6 ന് ദിവ്യബലി, നൊവേന വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്. ഫാ.ബൈജു കണ്ണമ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് 793 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച.തിരുശേഷിപ്പ് വണക്ക ദിനമായ 12 ന് വൈകിട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ പോൾ ഒ.എഫ്.എം കപ്പൂച്ചിൻ നേതൃത്വം നൽകും. ഡീക്കൻ അലക്സ് തേജസ് വചനസന്ദേശം നൽകും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുശേഷിപ്പ് പ്രദക്ഷിണം.തിരുനാൾ ദിനമായ 13 ന് രാവിലെ 6 ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിപ്പ്. 10.30-ന് നേർച്ചസദ്യ വെഞ്ചരിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ നേതൃത്വം നൽകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 ന് ദിവ്യബലി, കൊടിയിറക്ക് എന്നിവയാണ് പ്രധാന തിരുക്കർമങ്ങൾ.വിശ്വാസികൾക്ക് നിയോഗാനുസൃതം ദീപക്കാഴ്ചയിൽ പങ്കെടുത്ത് ദീപം തെളിക്കുന്നതിന് അവസരമുണ്ടായിരിക്കുമെന്നും അയ്യായിരത്തോളം പേർക്കാണ് നേർച്ചസദ്യ തയ്യാറാക്കിയിട്ടുള്ളതെന്നും വികാരി ഫാ. ജയ്സൺ കൊളുത്തുവള്ളി അറിയിച്ചു.
