കുമരകം : അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെല്ലാം വർഷ കാലത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന സർക്കാർ മുന്നറിയിപ്പ് നടപ്പിലാക്കാൻ വൈദ്യുതി വകുപ്പ് കനിഞ്ഞില്ല, ഉപഭോക്താവിന് ഇന്നുണ്ടായത് വൻ നാശനഷ്ടം. കുമരകം പഞ്ചായത്ത് ആറാം വാർഡിൽ കണ്ണാടിച്ചാലിൽ ജേക്കബ് ഫിലിപ്പിനാണ് വൈദുതി വകുപ്പിൻ്റെ അവഗണനയുടെ ഫലം അനുഭവിക്കേണ്ടി വന്നത്. കണ്ണാടിച്ചാൽ ജംഗ്ഷൻ – കണ്ണാടിച്ചാൽ പാലം റോഡിനാേട് ചേർന്ന് തൻ്റെ പുരയിടത്തിൽ നിന്ന ഞാറമരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കി, അത് വെട്ടി മാറ്റാൻ മരത്തിൻ്റെ ഉടമ തീരുമാനിച്ചു. അപകടരഹിതമായി മരം വെട്ടി നീക്കണമെങ്കിൽ വൈദ്യുതി വകുപ്പിൻ്റെ ലൈൻ കമ്പി താല്ക്കാലികമായി നീക്കം ചെയ്യണമായിരുന്നു. ഇതിനായി കുമരകം വൈദ്യുതി സെക്ഷൻ ഓഫീസ് ആവശ്യപ്പെട്ട ഫീസായ 2132 രൂപാ അടക്കുകയും ചെയ്തു. ഈ മാസം 18 – നായിരുന്നു പണം അടച്ചത്. ഇന്ന് മരംവെട്ടുകാർ എത്തിയപ്പാേൾ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുതൽ എൻജിനിയർവരെയുള്ളവരുമായി ബന്ധപ്പെട്ടിട്ടും ജീവനക്കാർ ഇല്ലെന്നുള്ള മറുപടി മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. ഇന്ന് രാവിലെ 10-ഓടെ മരം കടപഴുകി റോഡിലേക്ക് വീഴുകയായിരുന്നു. ഒപ്പം 12 അടി നീളം മതിലും നിലംപൊത്തി. കുടിവെള്ള പൈപ്പു ലൈനും തകരാറിലായി. ലൈൻ മാറ്റാത്തതിനാൽ മരം വെട്ടിയില്ലെങ്കിലും വിളിച്ചു വരുത്തിയ മരം വെട്ടുതാെഴിലാളികളായ നാലുപേർക്ക് ജേക്കബ് ഫിലിപ്പ് കൂലി കൊടുക്കേണ്ടതായും വന്നു. മരം കുറുകെ വീണ് കണ്ണാടിച്ചാൽ റോഡിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടതോടെ മരം മുറിച്ചുമാറ്റി.
