Common News District News

ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്

ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ബോധവത്കരണം, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളി(ജൂൺ 14) രാവിലെ 10.00 മണിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിക്കും.

പരിപാടിക്കു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം വരെ സന്ദേശറാലി സംഘടിപ്പിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഫ്‌ളാഗ് ഓഫ് നിർവഹിക്കും.

പൊതുസമ്മേളനത്തിൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഇൻചാർജ് ഡോ. കെ.കെ രാജാറാം മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് വിഷയാവതരണം നടത്തും. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ദീപാ ജോസ്, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, കോട്ടയം മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ലക്ഷ്മി എൽ. രാജൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. ബാബു വർഗീസ്, അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽകുമാർ, ഗവ. നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ, ഡോ. ലിനി ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് 12.00 മണി ‘രക്തദാനം: യുവജനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കോട്ടയം മെഡിക്കൽ കോളജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ: ചിത്രാ ജെയിംസ് നയിക്കും. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും ചടങ്ങിനോടനുബന്ധിച്ചു നടക്കും.

‘രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. രക്തദാനത്തിന് വഴിയൊരുക്കിയ രക്തഗ്രൂപ്പ് സമ്പ്രദായത്തിന്റെ സ്രഷ്ടാവായ ഡോ. കാൾ ലാൻസ്റ്റെയ്നറുടെ ജന്മദിനമായ ജൂൺ 14 ആണ് ലോക രക്തദാതാ ദിനമായി ആചരിക്കുന്നത്. അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും വർഷംതോറും ദശലക്ഷക്കണക്കിനു ജീവൻ രക്തദാനത്തിലൂടെ രക്ഷിക്കുന്ന സന്നദ്ധ രക്തദാദാക്കളോടുള്ള നന്ദിരേഖപ്പെടുത്താനും ദിനാചരണം അവസരമൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *