നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി കുമരകം നിവാസികൾക്ക് അഭിമാനമായിരിക്കുകയാണ് യൂ.കെ മലയാളികളുടെ പ്രിയ കവിയത്രിയും, നഴ്സുമായ കുമരകം സ്വദേശിനി രശ്മി പ്രകാശ് രാജേഷ്.
അറിയപ്പെടുന്ന എഴുത്തുകാരിയും അവതാരകയും നര്‍ത്തകിയും ഒക്കെയായ രശ്മിയെ തേടി നിരവധി പുരസ്‌കാരങ്ങളാണ് ഇതുവരെ എത്തിയിട്ടുള്ളത്. അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് സത്യജിത് റേ ഗോള്‍ഡന്‍ പെന്‍ ബുക്‌സ് അവാര്‍ഡിന്റെ മികച്ച കവിതാ സമാഹാരത്തിനുള്ള അവാര്‍ഡ്. രശ്മിയുടെ അഹം എന്ന കവിതാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് വിതരണം ചെയ്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രശ്മിയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാനാകാതെ പോയതോടെ രശ്മിയുടെ സഹോദരന്‍ മിഥുന്‍ പ്രകാശ് ആണ് കവി പ്രഭാ വര്‍മ്മയില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയത്. ഒട്ടനവധി മഹനീയ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി പോയെന്ന് രശ്മി കുമരകം ടുഡേയോട് പറഞ്ഞു.
യുകെ മലയാളികള്‍ക്കിടയില്‍ കലാസാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും ഒരുപോലെ നേട്ടങ്ങള്‍ കൊയ്ത് സജീവമായി നില്‍ക്കുന്ന അപൂര്‍വ്വം ആളുകളിൽ ഒരാളാണ് രശ്മി. ലണ്ടനിലെ കീമോതെറാപ്പി നഴ്സ് പ്രാക്റ്റീഷണറായ രശ്മി കുമരകം ബാങ്ക്പടി സ്വദേശിയായ രാജേഷ് കരുണാകരന്റെ ഭാര്യയാണ്. രശ്മിയുടെ മാതൃഗ്രഹവും കുമരകത്താണ്. 2018 ല്‍ ‘ഏകം’ എന്ന കവിതാ സമാഹാരവും ‘മഞ്ഞിന്റെ വിരിയിട്ട ജാലകം’ എന്ന നോവലും പ്രസിദ്ധീകരിച്ചു. 2019 ല്‍ ബ്രിട്ടീഷ് മലയാളി എഡിറ്റോറിയല്‍ അവാര്‍ഡും 2023 ല്‍ ‘മഞ്ഞിന്റെ വിരിയിട്ട ജാലക’ത്തിന് സിസിലി ജോര്‍ജ് മെമ്മോറിയല്‍ പ്രത്യേക പുരസ്‌കാരവും നേടി. 2023 ല്‍ റിലീസ് ചെയ്ത അന്‍പത്തിയൊന്ന് കവിതകളടങ്ങിയ ‘അഹം’ എന്ന കവിതാ സമാഹാരം പാലാ നാരായണന്‍ നായര്‍ അവാര്‍ഡ് നേടുകയുണ്ടായി. യു.കെ ആര്‍ട്ട് ഫോമിന്റെ ആഭിമുഖ്യത്തില്‍ ജിന്‍സണ്‍ ഇരിട്ടി സംവിധാനം ചെയ്യുന്ന ‘Behind’ എന്ന സിനിമയില്‍ ‘ചാരത്തു നിന്നും’ എന്ന ഗാനത്തിന്റെ രചനയിലൂടെ രശ്മി പ്രകാശ് രചനാ രംഗത്തേക്കും കാല്‍വയ്പ്പ് നടത്തിയിരുന്നു. 2022 ല്‍ Meta (Facebook) കമ്മീഷന്‍ ചെയ്ത രണ്ട് ഒരു മിനിറ്റ് ഗാനങ്ങളായ ‘കണ്ണിന്‍ കണിയേ’ ‘തിര’ എന്നിവ സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധമായ ‘മഴനൂല്‍ക്കനവ് ‘, ‘മഴയുടെ മിഴികള്‍’, ‘പ്രണയമേ”, ‘സഖീ നിനക്കായ് ‘, ‘യാത്രാമൊഴി’, ഋതു എന്നീ ഗാനങ്ങളിലൂടെ ലളിതഗാന ശാഖയിലും രശ്മി പ്രകാശ് തന്റെ ശക്തമായ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു.
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, ബസേലിയസ് കോളേജില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ രശ്മി ലണ്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നഴ്സിംഗ് ബിരുദമെടുത്തതിന് ശേഷമാണു ഇപ്പോൾ കീമോതെറാപ്പി നഴ്സ് പ്രാക്റ്റീഷണറായി സേവനമനുഷ്ഠിക്കുന്നത്. ലണ്ടനിലെ ചെംസ്ഫോര്‍ഡില്‍ ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ് രാജേഷിനുമൊപ്പം താമസിക്കുകയാണ് രശ്മി. കലാ – സാഹിത്യ രംഗത്ത് നിരവധി അനവധി പുരസ്‌കാരങ്ങൾ വാരികൂട്ടിയ രശ്മിയെ ഈ വർഷം കുമരകം ശ്രീകുമാരംഗലം ദേവസ്വം പ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.