കുമരകം : നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ പാടത്തേക്ക് ചാടി 17 കാരിയായ വിദ്യാർത്ഥിനി. കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയുടെ പിന്നാലെ മൂന്ന് നായ്ക്കൾ പാഞ്ഞെത്തുകയായിരുന്നു. ഭയപ്പെട്ട പെൺകുട്ടി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടേയും നിഷാ സുനിലിൻ്റെയും മകൾ അൻസു സുനിൽ (17) ആണ് പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ജലനിരപ്പേറിയ പാടത്തേക്ക് ചാടിയത്. കോട്ടയത്ത് ദൈവാലയത്തിൽ പോയി മടങ്ങവേയായിരുന്നു ഒരു വീട്ടിലെ മൂന്നു നായ്ക്കൾ മതിലിൻ്റെ വിടവിലൂടെ വഴിയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. ഭയന്ന് കരഞ്ഞ കുട്ടിയെ സംഭവ സ്ഥലത്തിന് സമീപവാസിയായ കൊട്ടാരത്തിൽ ജയമോനെത്തിയാണ് വെള്ളത്തിൽ നിന്ന് രക്ഷിച്ചത്. ഇന്ന് വെെകുന്നേരം അഞ്ചിനായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനെത്തിയ ജയമോൻ്റെ 1000 രുപാ നഷ്ടപ്പെട്ടു. അൻസുവിൻ്റെ 17,000 രൂപാ വിലയുള്ള മൊബൈൽ ഫോണും നഷ്ടപ്പെട്ടു. പാടത്തിൻ്റെ കൽക്കെട്ടിൽ ഇടിച്ച് പെൺകുട്ടിയുടെ കൈയ്ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്.
