മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്നും കോടികൾ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ അയ്യപ്പദാസാണ് അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നത്. 2006-ൽ പുണ്യദർശനം മാസികയുടെ ചീഫ് എഡിറ്ററായ മധു മണിമലയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് 2010- ഡിസംബർ 14 – ന് അയ്യപ്പദാസ് തമിഴ്നാട്ടിലെ തഞ്ചാവൂർ കേന്ദ്രമാക്കി സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കിയത്. ഇതിനോടകം 100 കോടിക്കുമേൽ പണം ഈ ട്രസ്റ്റിൻ്റെ പേരുപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് ആരോപണം.
ശബരിമല തീർത്ഥാടനകാലം ആരംഭിച്ചതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടി. സംഭവത്തിൽ തട്ടിപ്പിന് ഇരയായ അന്യസംസ്ഥാനത്തെ ഒരു ഗുരുസ്വാമി ദേവസ്വം വിജിലൻസിന് പരാതി നൽകി.