കുമരകം : ഇന്നലെ ജില്ലയിൽ ശക്തമായ മഴ പെയ്തില്ലെങ്കിലും പിടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞില്ല. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുകയാണുണ്ടായത്. പല വീടുകളിലും വെള്ളം കയറി, ഗ്രാമീണ വഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. തിരുവാർപ്പിലും അയ്മനത്തും ഇന്നലേയും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ വെള്ളം കയറിയ വീടുകളിലെ ദുരിത ബാധിതർക്കായി തിരുവാർപ്പ് ഗവ: യുപി സ്കൂളിൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. ഇവിടെ ഇപ്പോൾ 27 ആളുകൾ ഉണ്ട്. ഇന്നലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കുളിലെ ക്യാമ്പിൽ 25 പേരും, ചെങ്ങളം ഗവ: ഹൈസ്കൂളിലെ ക്യാമ്പിൽ 17 പേരും, ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പാരീഷ് ഹാളിലെ ക്യാമ്പിൽ 10 പേരും കഴിയുന്നുണ്ട്. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വെള്ളം കയറിയ വീടുകളിൽ ഉള്ളവർക്കായി അയ്മനത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. അയ്മനം പി.ജെ.എം യു.പി സ്കൂളിലും, ഒളശ്ശ സി.എം.എസ് എൽ.പി സ്കൂളിലും ആണ് രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇരു ക്യാമ്പുകളിലുമായി 54 പേരാണ് ഉള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വിവിധ കേന്ദ്രങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിനായി ദുരന്തനിവാരണ സേനയേയും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ
9526718505, 9446822684, 8547612513, 9946979229