കോട്ടയം

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു.

തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 14-ാം വാര്‍ഡ് നിവാസികള്‍ക്ക് വേണ്ടി മെമ്പര്‍ മഞ്ജു സുരേഷ്, പറമ്പുകര പ്രാര്‍ഥനയോഗം, പറമ്പുകര വനിതാ സമാജം, തൂത്തൂട്ടി സിഎംഎസ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, തൂത്തൂട്ടി തണ്ടാശേരി ഓട്ടോറിക്ഷ തൊഴിലാളികള്‍, തൂത്തൂട്ടി സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളി, തൂത്തുട്ടി മോർ ഗ്രീഗോറിയോസ് ചാപ്പൽ, അയര്‍ക്കുന്നം 12-ാം വാര്‍ഡ് നിവാസികള്‍, താന്നിക്കപ്പടി പുരുഷ സഹകരണ സംഘം, താന്നിക്കപ്പടി എസ്.എന്‍.ഡി.പി ശാഖായോഗം, അമയന്നൂര്‍ സണ്‍ഡേസ്‌കൂൾ, ധന്യ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്, അമയന്നൂര്‍ ആറാട്ട് സ്വീകരണ കമ്മറ്റി, അമയന്നൂര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍, അമയന്നൂര്‍ എന്‍.എസ്.എസ് കരയോഗം, അമയന്നൂര്‍ എസ്.എന്‍.ഡി.പി. യോഗം, ഒറവക്കല്‍ ഓട്ടോറിക്ഷാ തൊഴിലാളികൾ, മാലം ഓട്ടോറിക്ഷാ തൊഴിലാളികൾ മാലം നിവാസികൾ, മാലം സെന്റ് മേരീസ് സണ്‍ഡേസ്കൂൾ, സെന്റ് മേരീസ് കോളജ് ജീവനക്കാര്‍, പേരാലുംമൂട് കുടുംബയോഗം, കാവുംപടി ബാലഗോകുലം കമ്മറ്റി, യൂത്ത് അസോസിയേഷന്‍ എന്നിവര്‍ സ്വീകരണം നല്‍കി.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമ്മികത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്തും ഫാ.കുറിയാക്കോസ് കാലായിലും, ഫാ. ലിറ്റു തണ്ടാശ്ശേരിയും , ഫാ.ഏബ്രഹാം കരിമ്പന്നൂർ എന്നിവരും സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് കാരോട്ടെ പള്ളിയിലെ കൊടിമരത്തിൽ എം ഐ തോമസ് മറ്റത്തിൽ കൊടിയേറ്റി.

ജീവിതത്തിൽ പല നിരാകരണങ്ങൾ ഉണ്ടായപ്പോഴും ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ച് നിന്ന മാതാവിനെ, ദൈവമാതാവ് എന്ന് ലോകം മുഴുവൻ വാഴ്ത്തുന്ന തലത്തിലേക്ക് ദൈവം ഉയർത്തിയെന്ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിന്റെ ഒന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളിലും തടസങ്ങളിലും ദുഷ്കരമായ വഴികളിലും ദൈവം പരിപാലിക്കുകയും വീക്ഷിക്കുകയും ചെയ്യുന്നു എന്നതിന്റെ ഉദാഹാരണങ്ങളാണ് സഭയിലെ വിശുദ്ധന്മാരുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ ബാവായുടെ 28-ാമത് ദുഃഖറോനോ പെരുന്നാൾ ദിനമായ ഇന്നലെ കുർബാന മദ്ധ്യേ പ്രത്യേക പ്രാർത്ഥന നടത്തി. കുർബാനയ്ക്ക് ശേഷം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ നെയ്യപ്പം നേർച്ചയായി വിതരണം ചെയ്തു. കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയാം സേവകാ സംഘം പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടർ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സേവകാസംഘം പ്രസിഡന്റ് കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്തിന് നൽകി പ്രകാശനം ചെയ്തു. എട്ടുനോമ്പിന് എത്തിച്ചേരുന്ന വിശ്വാസികൾക്കായി നൽകുന്ന നേർച്ച കഞ്ഞി തോമസ് മോർ തിമോത്തിയോസ് പ്രാർഥിച്ച് ആശിർവദിച്ചു. ഇന്നലെ ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. മാത്യൂസ് തോക്കുപാറ എന്നിവർ പ്രസംഗിച്ചു. ഫാ. യൂഹാനോൻ വേലിക്കകത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ധ്യാന ശുശ്രൂഷയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *