Kerala News

നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ല ; പി പി ചിത്തരഞ്ജൻ,എം.എൽ.എ

നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും നെഹ്റു ട്രോഫി ജലമേള നടത്തിപ്പുമായി ബന്ധപ്പെട്ട വ്യാപകമായ കുപ്രചരണങ്ങളാണ് പല കേന്ദ്രങ്ങളിലും നടത്തിവരുന്നതെന്നും പി പി ചിത്തരഞ്ജൻ,
എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റിവെച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കും എന്ന നിലപാട് മാത്രമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വള്ളംകളി നടത്തുന്നതിനുവേണ്ടി ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എം.എൽ.എ.മാർ എന്ന നിലയിൽ താനും എസ്.എച്ച് സലാമും തോമസ് കെ തോമസും സർക്കാരിനോട് അഭ്യർത്ഥിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തന്നെ വള്ളംകളി ഓണത്തിന് ശേഷം ആലോചിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി വള്ളംകളി വിഷയത്തെ ഉയർത്തി മുതലെടുപ്പ് നടത്തുവാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്നും വസ്തുതകൾ മറച്ചുവച്ച് വള്ളംകളി പ്രേമികളിൽ ആശങ്ക ഉണ്ടാക്കാനും തെറ്റിദ്ധാരണ പരത്തുവാനും വേണ്ടിയാണ് ചിലർ ശ്രമിക്കുന്നതെന്നും യാഥാർത്ഥ്യങ്ങൾ ഇതായിരിക്കെ ഇന്ന് നടന്നുവരുന്ന ഈ തെറ്റായ പ്രചരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാവരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *