കോട്ടയം

കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ

തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) കൈമാറാൻ ജില്ലാ കളക്ടറെ കാണാനെത്തി കുരുന്നുകൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർഥികളും സഹോദരങ്ങളുമായ ഇക്ഷിത്ത് വിഷ്ണുവും ഇഷാൻ വിഷ്ണുവും കുമരകം എസ്.കെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ശ്രീലക്ഷ്മി ജ്യോതിലാലുമാണ് കോട്ടയം കളക്ട്രേറ്റിലെത്തി കളക്ടർ ജോൺ വി. സാമുവലിനു കുടുക്ക സമ്പാദ്യം കൈമാറിയത്.


അമ്മ സുരഭിക്കൊപ്പമാണ് കോട്ടയം പരുത്തുംപാറ സ്വദേശികളായ സഹോദരങ്ങൾ
രണ്ടാം ക്ലാസ് വിദ്യാർഥി ഇഷിത്തും ഇളയസഹോദരൻ യു.കെ.ജി. വിദ്യാർഥി ഇഷാനും കളക്ട്രേറ്റിൽ എത്തിയത്. ആകെ 1798 രൂപയാണ് കുടുക്കയിലുണ്ടായിരുന്നത്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെത്തുടർന്ന് ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകുന്നത് സമൂഹമാധ്യമ റീലുകളിൽ കണ്ടതിനെത്തുടർന്നാണ് സഹോദരങ്ങൾ തങ്ങളുടെ കുടുക്ക സമ്പാദ്യവും ദുരിതാശ്വാസനിധിയിലേക്കു കൈമാറണമെന്നാവശ്യപ്പെട്ടതെന്ന് അമ്മ സുരഭി പറയുന്നു.
എസ്.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശ്രീലക്ഷ്മി. കുമരകം കണ്ണാടിച്ചാലിലാണ് താമസം. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനായ പിതാവ് ജ്യോതിലാലിനും അമ്മ ഗീതുവിനും ഇളയ സഹോദരി മിഥിലയ്ക്കും ഒപ്പം എത്തിയാണ് കുടുക്ക കൈമാറിയത്. 2698 രൂപയാണ് ശ്രീക്ഷ്മിയുടെ കുടുക്കയിലുണ്ടായിരുന്നത്. രണ്ടുകൂട്ടർക്കുമുള്ള രസീതും ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *