മൂന്നര വർഷക്കാലം കൊണ്ട് 19 ലക്ഷം വീടുകളിൽ ജലജീവൻ മിഷൻ പദ്ധതി വഴി കുടിവെള്ളം എത്തിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 60 വർഷക്കാലം കൊണ്ട് 17 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്ന സ്ഥാനത്താണ് മൂന്നര വർഷം കൊണ്ട് സംസ്ഥാന സർക്കാറിന് ഈ നേട്ടം കൈവരിക്കാനായത്. ചെങ്ങന്നൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആലാ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ശേഖരണ ടാങ്കിന്റെ നിര്‍മ്മാണം, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നിവ പെണ്ണുക്കര കനാല്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 70 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി 4200 കോടി രൂപ പദ്ധതിക്ക് ഭരണാനുമതിയായതായും മന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 525 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2018 പ്രളയത്തിനുശേഷമാണ് വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ വലിയ പദ്ധതികൾ ആവിഷ്കരിച്ചത്. ഈ പദ്ധതികളെല്ലാം പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇതിൽ ഭൂരിഭാഗവും കിഫ്ബി മുഖാന്തരമാണ് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയിൽ ജീവൻ മിഷന്റെ ഭാഗമായി 1668 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്. കിഫ്ബി പദ്ധതികൾക്കായി 783 കോടി രൂപയും അമൃത് പദ്ധതിയിലേക്കായി 89 കോടി രൂപയും ഭരണാനുമതി നൽകാനായെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. പദ്ധതിയിലൂടെ ആലാ പഞ്ചായത്തിലെ 3948 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. മുരളീധരന് പിള്ള, ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി, ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. ശരണ്യ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. അര്‍ച്ചന തുടങ്ങിയവര്‍ പങ്കെടുത്തു.
മുളക്കുഴ, വെണ്മണി, ആല, ചെറിയനാട്, പുലിയൂര്, ബുധനൂര്‍, പാണ്ടനാട് ഗ്രാമപഞ്ചായത്തുകളെയും ചെങ്ങന്നൂര്‍ നഗരസഭയെയും ഉള്‍പ്പെടുത്തി കിഫ്ബി, ജലജീവന്‍ മിഷനുകളില്‍ നിന്നും 525 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആലാ പഞ്ചായത്തില്‍ കുടിവെള്ള ശേഖരണ ടാങ്കിന്റെ നിര്‍മ്മാണം, സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടെ 46.25 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.