കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടർപട്ടിക പ്രസിദ്ധീകരണം, പെരുമാറ്റച്ചട്ടം, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചരണം, പോളിങ്ങ് ബൂത്ത് സജ്ജീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജൻറ്റുമാരുടെ നിയമനം, മോക് പോൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള തൽസമയ റിപ്പോർട്ടുകൾ അങ്ങനെ എല്ലാ തെരഞ്ഞെടുപ്പു നടപടികളും കൃത്യമായി പാലിച്ചായിരുന്നു ഇലക്ഷൻ. തെരഞ്ഞെടുപ്പിൽ ഹെഡ് ബോയിയായി ഏഴാം ക്ലാസ് വിദ്യാർത്ഥി ടിനോ ടിബി, ഹെഡ് ഗേളായി ഏഴാം ക്ലാസിലെ അമേയ സി. ജയലാൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഹെഡ്മാസ്റ്റർ അനീഷ് ഐ.എം, സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ അജയ് ജോസഫ് അധ്യാപകരായ ജെയ്സി ജോസഫ്, ത്രേസ്യാമ്മ എ.കെ, മിൻറ്റു തോമസ്, അക്സാ തോമസ്, അഞ്ജലിമോൾ കെ.ജെ, സ്റ്റെഫി ഫിലിപ്പ്, രേഷ്മ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
