കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ ചെയ്യുമ്പോൾ പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു, ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് …?? കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശപൂരിതമായി നിലകൊള്ളുമ്പോഴാണ് പള്ളിചിറയിലെ ലൈറ്റ് മാത്രം ആർക്കും പ്രയോജനമില്ലാതെ നിലകൊള്ളുന്നത്. എത്രയും വേഗം അടിയന്തര നടപടി കൈകൊണ്ട് ഹൈമാസ്റ്റ് ലൈറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
