കുമരകം : വേമ്പനാട്ട് കായലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന മീനുകൾ ഇരുട്ടിൻ്റെ മറവിൽ മോഷ്ടിക്കുന്നത് വ്യാപകമാകുന്നതായി പരാതി. മീനുകൾ മോഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ ഇതൊടൊപ്പം വലയും കേടുപാടു വരുത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈകിട്ട് വിലയിട്ട് മടങ്ങി പോയതിന് ശേഷം പുലർച്ചേ പ്രതിക്ഷയോടെ തിരിച്ചെത്തുമ്പോൾ ശൂന്യമായ വലയാണ് പലരും കാണുന്നത്. അന്നെന്ന് കിട്ടുന്നതു കൊണ്ട് കുടുംബം പുലർത്തിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോൾ ദുരിത പൂർണ്ണമായിരിക്കുകയാണ്. സംഘം ചേർന്നാണ് മോഷ്ടാക്കൾ എത്തുന്നത്, സംശയം തോന്നി ചോദ്യം ചെയ്താൽ ഇവർ ആക്രമിക്കാൻ വരുന്നതായും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ചെറിയ വലയുമായി വള്ളത്തിലെത്തി നിമഷങ്ങൾക്കുള്ളിൽ കിലോ കണക്കിന് കരിമീനുമായാണ് മോഷ്ടാക്കൾ തിരികെ പോകുന്നത്. എന്നാൽ രാവന്തിയോളം കായലിൽ മല്ലടിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത് ശൂന്യമായ വലയും. ബന്ധപ്പെട്ടെവർ വിഷയത്തിൽ ഇടപെട്ട് മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
