കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കുമരകം ടുഡേ പലതവണ വാർത്ത നൽകിയിരുന്നു. മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ.ആർ.എഫ്.ബിക്കാണ്. എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കാലവർഷം കലിതുള്ളുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റെ നേതൃത്വത്തിൽ മരം വെട്ടു തൊഴിലാളികളെ വിളിച്ചു മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനായി പ്രധാന റോഡിലൂടെയുള്ള ചെറു വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുകയും എം.ആർ.എഫ് റോഡു വഴി പള്ളിച്ചിറയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
