തിരുവാർപ്പ് പഞ്ചായത്തിലെ 9, 4 വാർഡുകളെ ബന്ധിപ്പിയ്ക്കുന്ന പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.തദ്ദേശ വാസികൾ നൽകിയ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രി അറിയിച്ചതാണിത്. എസ്റ്റിമേറ്റ് തയ്യാറാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പുതിയ പാലം നിർമ്മിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ആമ്പക്കുഴിപാലം അപകട ഭീഷണിയിലായിട്ട് വർഷങ്ങളേറെ
കോട്ടയം കുമരകം റോഡിൽ ആമ്പക്കുഴി ഭാഗത്ത് നിന്നും വിവിധ പ്രദേശങ്ങളിലേക്കും മെഡിക്കൽ കോളജിലേക്കും വേഗത്തിൽ എത്തിച്ചേരാൻ ഉപയോഗിച്ചുവന്ന ഈ പാലം ഏതു സമയത്തും ആറ്റിൽ പതിക്കുന്ന തരത്തിൽ അപകട ഭീഷണിയിലാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം നാട്ടുകാർ തന്നെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ പാലത്തിൻ്റെ അടിത്തറ തന്നെ ഇളകിമാറിയതാേടെ അപകട സാധ്യത ഏറി. അതോടെപഞ്ചായത്ത് വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ വാഹന സഞ്ചാരയോഗ്യമായ പാലം നിർമ്മിയ്ക്കുന്നതിനാവശ്യമായ തുക കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സഹായം തേടിയത്. തിരുവാർപ്പ് ചെങ്ങളം എന്നീ 2 വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കെ എസ് ഇ ബി സബ്സ്റ്റേഷൻ, വാട്ടർ അതോറിറ്റി പമ്പ് ഹൗസ് ഏറെ പ്രസിദ്ധമായ ചെങ്ങളത്തുകാവ് ദേവീക്ഷേത്രം നിരവധി കൃസ്ത്യൻ ദേവാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ, സ്കൂളുകൾ, എന്നിവയ്ക്ക് പുറമെ, കോട്ടയം മെഡിക്കൽ കോളജിലേക്കും വേഗത്തിൽ എത്തിച്ചേരാനും കഴിയുന്ന ഏറ്റവും പ്രധാന്യമുള്ള ഈ പാലമാണ് അപകട ഭീഷണിയെ നേരിടുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ അജയ്, ഹസീദാ ടീച്ചർ എന്നിവരും പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി എ അബ്ദുൾ കരീം, മുൻ പഞ്ചായത്ത് അംഗം ബീനാ ഏലിയാസ് തുടങ്ങിയവർ മന്ത്രിയോടൊപ്പം എത്തിയിരുന്നു.